Wednesday, September 14, 2011

സന്ദിഗ്ദ്ധതകളില്‍ പകച്ചു നിന്ന എന്റെ സൗഹൃദങ്ങള്‍ക്കും പ്രണയങ്ങള്‍ക്കുമായി ചുമ്മാ ഒരു കുറിപ്പ്

ജീവിതം ഒരു തോന്ന്യാസിയാണ്‌. ഓര്‍ക്കാപുറത്ത്‌ അത് നിങ്ങളെ കോമാളിയാക്കുന്നു. യുക്തിയ്ക് വഴങ്ങാനാകാതെ നിങ്ങള്‍ കുഴയുന്നു. അതിന്റെ അളവുകോലിനു വഴങ്ങാത്ത വിചാരങ്ങള്‍ നിങ്ങളെ ഭരിക്കുന്നു. വീണ്ടുവിചാരങ്ങളുടെ തിരക്കയറ്റത്തില്‍ നിങ്ങള്‍ ഒറ്റയാകുന്നു.
വീണ്ടുവിചാരങ്ങള്‍ കഴിഞ്ഞകാലത്തിലെ ഇരുണ്ട കഷണങ്ങള്‍ കൊണ്ട് പണിയുന്ന അടിയുറപ്പില്ലാത്തെ കെട്ടിടമാണെന്ന് നിങ്ങള്‍ക്കറിയാം. പക്ഷേ ജീവിതം അങ്ങിനെയാണ്‌. അടിയുറപ്പില്ലാത്ത കൊട്ടാരങ്ങള്‍ പണിയുന്ന അര്‍ത്ഥം പിടിതരാത്ത ഒരു കഥയാണത്.

ദൈവം ഉണ്ടോ എന്നെനിക്കറിയില്ല. ഇനി ഇല്ലെങ്കിലും എനിക്കൊന്നുമില്ല. പക്ഷേ ആവര്‍ത്തിച്ചു നിന്നെ വിളിക്കുന്നവര്‍ ആഗ്രഹിക്കുന്നത് എന്താണെന്ന് ഇപ്പോള്‍ എനിക്കറിയാം. തീരുമാനങ്ങളിലേക്കുള്ള ഏകവഴിയും അടഞ്ഞുപോകുമ്പോള്‍ അശരണര്‍ക്ക് നീ അല്ലാതെ വേറെന്താണ്‌ വിളിക്കാനുള്ളത്. അതുകൊണ്ട്, നിന്നെ തീരുമാനങ്ങളെടുക്കാനുള്ള കഴിവുകേടുകളുടെ സൃഷ്ടി എന്നു ഞാന്‍ വിളിക്കുന്നു. ഒരു പക്ഷേ മനുഷ്യഭാവനയുടെ ഇന്നോളമുള്ള സൃഷ്ടികളില്‍ ഏറ്റവും മനോഹരവും കുഴമറിഞ്ഞതുമായ ഒന്ന് നീ ആയിരിക്കും.

തിരിച്ചറിയാനാകുന്നുണ്ട്, വിചാരത്തിന്റെ ഒറ്റവഴിക്ക് നയിക്കപ്പെടുന്ന പടക്കുതിയരല്ല ജീവിതം എന്ന്. പക്ഷേ, തിരിച്ചറിവുകള്‍ക്ക് വഴങ്ങിക്കൊടുക്കാന്‍ മനസ്സില്ല. കഴിയുന്നില്ല.

തീരുമാനങ്ങളെടുക്കാന്‍ നിനക്കാകാത്തത് എന്താണ്? ഇല്ല അല്ലങ്കില്‍ ഉണ്ട് എന്ന രണ്ടക്ഷരത്തിനു ഭാവിയുടെ, ജീവിതത്തിന്റെതന്നെ വിലയിട്ട, വിലയിടുന്ന മുഹൂര്‍ത്തങ്ങളാണ് മുന്നിലുള്ളത്. നിനക്ക് തീരുമാനങ്ങള്‍ എടുക്കാന്‍ കഴിയട്ടെ. തെറ്റും ശരിയുമല്ല ഇപ്പോള്‍ വേണ്ടത്. തീരുമാനങ്ങള്‍, അതെ  നമുക്കാര്‍ക്കുമറിയാത്ത ഭാവിയുടെ ഏതോ നിമിഷം വിലയിരുത്തേണ്ട തിരുമാനങ്ങളാണിപ്പോള്‍ വേണ്ടത്.കഴിഞ്ഞുപോയതിന്റെ കഷണങ്ങള്‍ കൊണ്ട് വരാനുള്ളതിനെ പണിയേണ്ട നിര്‍ഭാഗ്യശില്പികളാണ്‌ നാം.

"ഞാന്‍ സമയത്തിന്റെ വാദിയോ പ്രതിയോ അല്ല.
എന്റെ വാച്ച് ഇന്നലെ നിലച്ചു പോയി." എന്റെ കൂട്ടുകാരന്‍, ഞങ്ങളുടെ അവസാനത്തെ കൂടിക്കാഴ്ചയില്‍ ഇത് ആവര്‍ത്തിച്ചു പറയുന്നുണ്ടായിരുന്നു. വാച്ചിനോടൊത്ത് സമയം നിലക്കുന്നില്ല. നമ്മുടെ അളവുകള്‍ തെറ്റുന്നേയുള്ളു എന്നെനിക്കറിയാം. അവനും അറിയാം.  എന്നിട്ടും
"നിലച്ച വാച്ചില്‍ മിഴികൊരുത്ത്
വരാത്ത വണ്ടിക്ക് കാത്ത് നില്‍ക്കാന്‍" (വിനോദ് മണമ്മല്‍) എനിക്കിഷ്ടമാണ്‌.

ഹൃദയം കൊണ്ടേറ്റത്തിനെ യുക്തികൊണ്ട് മുറിക്കാന്‍ പറയുന്ന് വിഡ്ഢികളുടെ കൂട്ടത്തില്‍ ഞാനും ഉണ്ടാകും. നിന്റെ ഹൃദയം നിന്നെ ചതിക്കാതിരിക്കട്ടെ. ചതി എന്ന് ഞാന്‍ മനപ്പൂര്‍‌വം പറഞ്ഞതാണ്‌. നിന്റെ ഹൃദയത്തിന്റെ വഴികള്‍ തെറ്റാതിരിക്കട്ടെ. തെറ്റും ശരിയും എന്നു എക്കാലത്തേക്കുമായി ഉറപ്പിക്കാവുന്ന വഴികള്‍ ഇല്ലല്ലോ? ആകയാല്‍, നിന്റെ ഹൃദയത്തിന്റെ വഴികള്‍ നിവര്‍ത്തികേടിന്റെ തിരഞ്ഞെടുപ്പാകാതിരിക്കട്ടെ. എനിക്ക് നല്ലതൊന്നും പറയാനില്ലെന്ന് നിനക്ക്‌ തോന്നുന്നുണ്ടാകും? നിനക്ക് നല്ലത് വരട്ടെ.

സന്ദിഗ്ദ്ധതകളില്‍ പകച്ചു നിന്ന എന്റെ സൗഹൃദങ്ങള്‍ക്കും പ്രണയങ്ങള്‍ക്കുമായി ചുമ്മാ ഒരു കുറിപ്പ്

9 comments:

  1. പലപ്പോഴും പകച്ചുനിന്ന മൂന്നു സുഹൃത്തുക്കള്‍ക്ക്, അവള്‍ക്ക് പിന്നെ എനിക്കും.
    ചിലപ്പോള്‍ നിങ്ങള്‍ക്കും, അതെനിക്ക്‌ നിശ്ചയമില്ല.

    ReplyDelete
  2. സന്ദിഗ്ദ്ധതകളില്‍ പകച്ചു നിന്ന ഒരാള്‍ തന്റെ സൗഹൃദങ്ങള്‍ക്കും പ്രണയങ്ങള്‍ക്കുമായി ചുമ്മാ എഴുതിയ കുറിപ്പ് വീണ്ടും വീണ്ടും വായിക്കുന്നു...

    ReplyDelete
  3. ഒരു പക്ഷേ മനുഷ്യഭാവനയുടെ ഇന്നോളമുള്ള സൃഷ്ടികളില്‍ ഏറ്റവും മനോഹരവും കുഴഞ്ഞ് മറിഞ്ഞതുമായ ഒന്ന് നീ ആയിരിക്കും.

    നല്ല വായന, ചെറുതെങ്കിലും സമ്മാനിച്ചു..
    ആശംസകള്‍

    ReplyDelete
  4. http://2.bp.blogspot.com/-nmhHp_NHDzA/UfPjPcCYiwI/AAAAAAAABQk/LPE_YLt752A/s1600/FB+Malayalam+Photo+Comments+-1.jpg

    ReplyDelete
  5. കുറിപ്പ് വായിച്ചു ..........ഇഷ്ടമായി .തിരഞ്ഞെടുപ്പുകള്‍ ഒരിക്കലും തെറ്റാതിരിക്കട്ടെ ....അല്ലെ !

    ReplyDelete
  6. തിരിച്ചറിയാനാകുന്നുണ്ട്,
    വിചാരത്തിന്റെ ഒറ്റവഴിക്ക് നയിക്കപ്പെടുന്ന
    പടക്കുതിയരല്ല ജീവിതം എന്ന്. പക്ഷേ, തിരിച്ചറിവുകള്‍ക്ക്
    വഴങ്ങിക്കൊടുക്കാന്‍ മനസ്സില്ല. കഴിയുന്നില്ല.

    ReplyDelete