Sunday, July 3, 2011

തോന്ന്യാസി മഴ

മഴ നനയുന്നതിനേക്കാള്‍ കുട നനയുന്നതില്‍ വിഷമമുള്ള കുട്ടിയായിരുന്നു ഞാനും. കുടയെടുക്കാതെ പോകാന്‍ സ്വാതന്ത്ര്യം കിട്ടിയ അന്നു മുതല്‍ കുടയെ മൂലക്കാക്കിയ ഒരു സാധാരണ ചെക്കന്‍. വീട്ടില്‍ നിന്നും ഇറങ്ങുന്ന നേരത്ത്  മഴപെയ്യുകയും അപ്പോള്‍ അമ്മച്ചി വീട്ടില്‍ ഉണ്ടാവുകയും ചെയ്താല്‍ ബസ്റ്റോപ് വരെ അമ്മച്ചി കൊണ്ടു വന്നാക്കും. ആ വകുപ്പില്‍ കാലത്തിച്ചിരി സ്നേഹപ്രകടനം നമ്മള്‍ നടത്തണം. അമ്മച്ചി ഇല്ലെങ്കില്‍ അനിയനോട് ആജ്ഞാപിക്കും. അജ്ഞ, അപേക്ഷ ആയതിനുശേഷം അവന്‍ സമ്മതിക്കും.
മിക്കവാറും ദിവസങ്ങളില്‍ മുറ്റത്തേക്ക് കാലുവയ്ക്കുമ്പോഴേക്കും എന്തോ നേര്‍ച്ചയുള്ള പോലെ മഴ എത്തിപ്പെടും. മഴ ഒരു തോന്ന്യാസി ആണെന്നതിനു വേറെ കാരണം വേണോ?
കേരളത്തില്‍ സ്കൂളില്‍ പോയിട്ടുള്ള ഏതോരാള്‍ക്കും അറിയാം മഴ ഒരു തോന്ന്യാസി ആണെന്ന്. കാലത്തെണീറ്റ് ഒന്നാം പിരിയഡ് തുടങ്ങും വരെ മഴ ചറാപറാ പറയും. പിന്നൊരു ഇടവേള. ഈ ഇടവേളയില്‍ ഇംഗ്ലീഷു ക്ലാസ്സിലെ മധുരച്ചൂരല്‍ മേടിച്ച് നമ്മള്‍ കൈ തിരുമുമ്പോള്‍ മഴ കണ്ണില്‍. ഉച്ചത്തെ ഇടവേളക്ക്, ഓടിപ്പിടുത്തത്തിന്‌ ടീമിട്ട് കഴിയുമ്പോഴേക്കും മഴ കൃത്യമായി വരും. ബെല്ലടിക്കുമ്പോള്‍ പിന്‍‌വാങ്ങി നാലുമണിക്ക് വീണ്ടും വരും. ഈ മഴ തോന്ന്യാസിയല്ല? എന്തിന്‌ മൂന്നാമത്തെ പിരീഡ് വരെ ഒളിച്ചിരുന്നിട്ട് പിന്നത്തെ ഡ്രില്‍ പിരീഡില്‍ കളിക്കാന്‍ ഗ്രൗണ്ടിലേക്ക് വരുന്ന മഴയോട് ദേഷ്യം ഇന്നും തീര്‍ന്നിട്ടില്ല. ഡ്രില്‍ പിരിയഡില്‍ വേറുതെ വര്‍ത്താനം പറയാതിരിക്കാന്‍ സാറന്മാരാരെങ്കിലും വരും. ചിലപ്പോ കാലത്ത് നടക്കാതെ പോയ ചോദ്യംചോദിക്കലൊക്കെ നടക്കും. മഴയ്ക്ക് എത്ര വേണമെങ്കിലും ഒച്ച വയ്ക്കാം. ക്ലാസ്സിലിരിക്കുന്ന നമുക്ക് പാടില്ല.
കനത്ത മഴ പെയ്യുകയാണെങ്കില്‍ എബ്രഹാം സാറ് ക്ലാസ്സെടുക്കില്ല. സാറിനെയാണോ സാറ് പഠിപ്പിക്കുന്ന ഫിസിക്സിനെ ആണോ മഴയ്ക്ക് പേടി? എന്തായാലും എബ്രഹാം സാറിന്റെ പിരിയഡില്‍ മഴ കനത്തത്‌ വെറും രണ്ടു പ്രാവശ്യം മാത്രം. മനുഷ്യന്‍മാരുടെ കണ്ണുകള്‍ പക്ഷേ എത്രയോ പ്രാവശ്യം പുഴയായിരിയ്ക്കുന്നു.

കോളേജിലേക്ക് ചേര്‍ന്നതോടെ കുട എന്നതിന്റെ സ്പെല്ലിംഗ് പോലും മറന്നുവച്ചു. തോന്ന്യാസിയായ മഴ അതിന്റെ സമയത്ത് വന്നു നനച്ചുകൊണ്ടേയിരുന്നു. കുടയുള്ള സുന്ദരിമാര്‍ കൂടെയുള്ളപ്പോള്‍ അരസികനും അകാല്പനികനുമായ മഴ നമ്മളെ കൊഞ്ഞനംകുത്തിക്കാണിച്ചു. പെയ്തില്ല.
പ്രണയം തലക്കു പിടിച്ച അന്ന് ഇത്രേം തോന്ന്യാസിയായ മഴയെക്കുറിച്ച് എന്തൊക്കെ എഴുതി വച്ചു!
"മഴ ഇഷ്ടമായതുകൊണ്ട്
എനിക്ക് കുടയില്ല
അവള്‍ക്ക് കുടയുള്ളതിനാല്‍
ഞാന്‍ നനയാറില്ല."
എന്നിട്ടെന്തായി. അവള്‍ അവളുടെ കുടയും കൊണ്ട് പോയി. ഇതൊക്കെ എഴുതി വച്ച നമ്മള്‍ സ്ഥിരം നനഞ്ഞും പോയി. കൂട്ടുകാരനും നാട്ടുകാരനും സര്‍‌വ്വോപരി കുടയെടുക്കാതെ ഒരേ ബസ്സില്‍ ഒരേ കോളേജിലേക്ക് പോരുന്നവനുമായ ഷിജു, 'അളിയാ ഇത് കൊള്ളാട്ടോ' എന്ന് പറഞ്ഞത് മാത്രം മിച്ചമുണ്ട്. കുടയെടുക്കാതെ എന്നെപ്പോലെ അവനും ഒത്തിരി നനഞ്ഞു. രണ്ടു പേര്‍ക്കും പക്ഷേ പനിച്ചില്ല.

ഒരുപകാരവും ചെയ്യാത്ത ഈ മഴ ചെയ്ത തോന്ന്യാസം കൊണ്ടാണ്‌ ബാപ്പുജി സ്മാരക വായനശാലയുടെ വാര്‍ഷികവും നഗഞ്ചേരി പള്ളിപ്പെരുനാളും പ്രമാണിച്ച് ഞങ്ങള്‍ നടത്തിയ നാടകം അലങ്കോലമായത്. ഞങ്ങള്‍ നടത്തിയ നാടകം എന്നു പറഞ്ഞാല്‍ പ്രൊഫഷണല്‍ ട്രൂപ്പുകാര്‍ വരും. അവര്‍ക്ക് കൊടുക്കാനുള്ള കാശ് നാട്ടുകാരുടെ കീശയിലാണ്‌. നാടകം നടത്തുന്ന അന്ന്, അതായത് പെരുനാളിന്റന്ന് വൈകുന്നേരം പ്രദക്ഷിണം ഇറങ്ങുന്നതിനു മുന്‍പും പ്രദക്ഷിണത്തിനു ശേഷവുമായി നടത്തുന്ന വാചകസര്‍ക്കസ് വഴിയാണ്‌ നമ്മള്‍ പൈസ തികക്കുന്നത്. അന്ന്, മഴ പ്രദക്ഷിണം ഇറങ്ങുന്നതിനും മുന്നേ വന്നു. പ്രദക്ഷിണം ഉപായത്തില്‍ നടത്തി ഇടവകക്കാര്‍ പിരിഞ്ഞു. നാടകക്കാര്‍ക്ക് ഉപായം വേണ്ടാത്തതിനാല്‍ നടത്തിപ്പുകാരായ ഞങ്ങള്‍ വലഞ്ഞു. ഇങ്ങനത്തെ മഴയെയാണ്‌ കാല്പനികര്‍ വാനോളം വാഴ്തിയിട്ടുള്ളത്.

മഴക്കാലം പലത് കഴിഞ്ഞപ്പോള്‍ ഞാന്‍ കോളേജും മാറി. ബിരുദാനന്തരബിരുദം എന്നു തീരുമാനിച്ചതോടെ സര്‍‌വമാന കാല്പനികതകളുംകൂടി ഒരു കടലാസുവഞ്ചിയില്‍ കയറ്റി ഞങ്ങളൂടെ കനാലില്‍ ഒഴുക്കി വിട്ടു. ആ തോണി മറിഞ്ഞോ എന്നെനിക്കറിയില്ല. മറിഞ്ഞിരിക്കണം.
കുടയെടുക്കാതെപോയവരെയെല്ലാം നനക്കാന്‍ നേരാന്നേരം മഴ വന്നുകൊണ്ടേയിരുന്നു. പഠനം ഒരുവഴിക്കായപ്പോഴേക്കും ഏതോ വഴിയിലൂടെ പിന്നെയും ഒരു പ്രണയം വന്നു. അറബിക്കടലീന്ന് ഏതു വഴിക്കാണ്‌ മഴ വരണത് എന്നറിയാത്തതുപോലെ പ്രണയം വന്ന, വരുന്ന വഴിയും പിടികിട്ടിയിട്ടില്ല. മഴയെ സ്നേഹിക്കാത്ത മനോഹരിയായ അവള്‍ക്ക് നീല നിറത്തില്‍ ഒരു കുട. ഞങ്ങള്‍ വര്‍ത്തമാനം പറഞ്ഞിരുന്ന എത്രയോ വൈകുന്നേരങ്ങള്‍. (വര്‍ത്തമാനം എന്നു പറഞ്ഞാല്‍, ആദ്യകാലത്ത് ഞാന്‍ പറയും അവള്‍ കേട്ടിരിക്കും. കുറച്ചു നാള്‍ കഴിഞ്ഞപ്പോള്‍ സംഗതി മാറി. അവള്‍ പറയും ഞാന്‍ കേട്ടിരിക്കും. മഴയ്ക്കും പെണ്ണുങ്ങള്‍ക്കും നിര്‍ത്താതെ പറയാനുള്ള അപൂര്‍‌വസിദ്ധിയുണ്ടെന്ന്‌ അങ്ങിനെ മനസ്സിലായി.) മഴ ആ ഭാഗത്തേക്കു തിരിഞ്ഞു നോക്കിയില്ല. അവള്‍ നീലക്കുട നിവര്‍ത്തിയതുമില്ല. ഒരു പതിനഞ്ച് മിനിറ്റ് സംസാരിക്കുമ്പോഴെക്കും ലോകത്തെ വിഷയങ്ങളെല്ലാം തീരും. പിന്നൊനും പറയാനില്ലാത്തതുകൊണ്ട് ഹോസ്റ്റലിലേക്ക് പോകുന്ന സുന്ദരികളെ നോക്കി ഞാന്‍ മിണ്ടാതിരിക്കും. 'നീ മനുഷ്യനാണ്‍ടാ' എന്ന എന്റെ സ്വന്തം ഡയലോഗ് എന്നോട് പറഞ്ഞിട്ട് അവള്‍ അവളുടെ പാട്ടിനു പോകും. പിന്നൊന്നും ചെയ്യാനില്ലല്ലോ! വീട്ടിലേക്ക് പോയേക്കാം എന്നും കരുതി എഴുന്നേക്കുമ്പോള്‍ മഴ വരും. അവളുടെ നീലക്കുട ഹോസ്റ്റലിലേക്കുള്ള വളവില്‍ മറഞ്ഞു പോകും. മഴയൊരു മൈരെടപാടാണെന്നും പ്രണയിനിക്കൊപ്പം മഴയത്ത് നടക്കുക എന്നത് അങ്ങനത്തെ വേറൊരിടപാടാണെന്നും പറഞ്ഞ് ഞാന്‍ ബസ്റ്റോപ്പിലേക്കോടും.

ഒരു ദിവസം കാലത്ത് കോളേജിലേക്കെത്തിയതും മഴ വന്നു. കാമ്പസ്സിലെ കൂറ്റന്‍ ഗേറ്റ് കടന്ന് ചെന്നപ്പോ, ദാ ദൂരെ നിന്നും നീലക്കുട വരുന്നു. എന്റെ സന്തോഷം പോലെ മഴയും പെരുത്തു. ഞാനവിടെയുള്ള മഴമരത്തിന്റെ ചോട്ടിലേക്ക് കേറി നിന്നു. നീലക്കുടയും കൊണ്ട് അവള്‍ വരട്ടെ. അവളടുത്തെത്തിയപ്പോള്‍ കുടയില്‍ അവളുടെ കൂട്ടുകാരിയുമുണ്ട്. കാമ്പസിനകത്ത് ഏത് കുടയിലും മൂന്നു പേര്‍ക്ക് സഞ്ചരിക്കാമെന്ന് നിയമമുണ്ട്. ഞാന്‍ മരച്ചോട്ടില്‍ നിന്നിറങ്ങിയപ്പോഴേക്കും കുടയിലെ ഒഴിഞ്ഞ സ്ഥലത്തേക്ക് അവളുടെ ഒരു കൂട്ടുകാരന്‍ ഓടിക്കേറി. അന്ന് മഴയെയാണോ അവനെയാണോ എന്നെത്തന്നെയാണോ തെറിവിളിച്ചതെന്ന് ഇന്നും നിശ്ചയമില്ല.
പ്രണയിനിക്കൊപ്പം മഴയത്ത് കുടപകുക്കുക അല്ലെങ്കില്‍ ഒറ്റക്കുടയില്‍ മഴ പകുക്കുക എന്ന കാല്പനികത അങ്ങനെ നനഞ്ഞു കിടന്നു. ക്ലാസ് കഴിയാറായി. മാര്‍ച്ചില്‍ എന്ത് മഴ. അവളൂടെ നീലക്കുടകൊണ്ട് വെയില്‌ പകുക്കാന്‍ താല്പര്യം തോന്നിയില്ല. ആരുടെ കണ്ണിലും മഴ പൊടിക്കാതെ ഞങ്ങ സലാം ചോല്ലി.

പഠിക്കാനെന്ന പേരില്‍ നാടുകടന്ന ഞാന്‍  അടുത്തമഴക്കാലത്ത് നാട്ടിലെത്തി. സര്‍ട്ടിഫിക്കറ്റു വാങ്ങല്‍ എന്ന ചടങ്ങ് നിര്‍‌വഹിക്കാന്‍ അവള്‍ കോളേജില്‍. ഞാനും ചെന്നു.
പോരാന്‍ നേരത്ത് മഴപെയ്തു. നീലക്കുടയില്‍ ഞാനും അവളും മാത്രം. മഴ ഇരമ്പുന്നതിന്റെയൊപ്പം അടുത്തു തന്നെ ഉറയ്കാന്‍ പോകുന്ന കല്യാണത്തെപ്പറ്റി അവള്‍ പറഞ്ഞു. മഴ അലറിവിളിച്ചിട്ടും അവള്‍ പറഞ്ഞതെല്ലാം ഞാന്‍ ഉറക്കെ കേട്ടു. തികച്ചും അകാല്പനികമായി ഞങ്ങള്‍ രണ്ടുപേരും നനഞ്ഞു. ഒരു ചാറ്റല്‍മഴയില്‍ നിന്നു പോലും ഞങ്ങളെ സം‌രക്ഷിക്കാന്‍ ആ നീലക്കുടയ്ക് ഇനി പറ്റില്ലെന്ന് എനിക്ക് മനസ്സിലായി.

ശേഷം ഏതോരു കഥയിലേയും പോലെ, അവസാനം മഴയത്തൊരു മുത്തം തന്നിട്ട് അവള്‍ പോയി എന്നു വേണമെങ്കില്‍ എഴുതാം. പക്ഷേ അതൊന്നുമല്ല സംഭവിച്ചത്. അടുത്തുള്ള ചായക്കടയില്‍ കയറി ഞങ്ങള്‍ ഓരോ ചായകുടിച്ചു. മഴയോടുള്ള ദേഷ്യത്തിനു ഞാന്‍ രണ്ട് ചൂടന്‍ പരിപ്പുവട വാങ്ങി. അവള്‍ക്ക് പരിപ്പുവട വേണ്ടെന്ന്! തീറ്റക്കാര്യത്തില്‍ ഞാന്‍ വളരെ സ്ലോ ആയതിനാല്‍ രണ്ടെണ്ണവും തീരുംവരെ, എന്നത്തേയും പോലെ ക്ഷമിച്ച്, അവള്‍ കൂട്ടിരുന്നു. ഞാനപ്പോഴും പഠിക്കാന്‍ പോകുന്ന കുട്ടിയായതുകൊണ്ട് ചായക്കാശ് അവള്‍ കൊടുത്തു.
അവള്‍ നല്ലകുട്ടിയാണ്‌.

ബസ്റ്റോപ്പില്‍ എനിക്കുള്ള വണ്ടി ആദ്യം വന്നു. പോകാന്‍ നേരം ചുമ്മാതെ അവളെന്റെ കയ്യില്‍ പിടിച്ചു. വണ്ടിയില്‍ കേറിയാല്‍ ഞാന്‍ തിരിഞ്ഞു നോക്കാറില്ലെന്ന് അവള്‍ക്കറിയാം. (പ്രണയകാലത്തെ ആദ്യത്തെ സെമസ്റ്റര്‍ അവധിക്ക്, യാത്ര പറഞ്ഞിട്ട് തിരിഞ്ഞു നോക്കാതെ പോയതിന്‌ അവളെന്നെ ചീത്തപറഞ്ഞിട്ടുണ്ട്.) ആ കയ്യില്‍ വെറുതെ ഒന്നമര്‍ത്തി, പിന്നെ ഒന്നു കണ്ണിറുക്കിയിട്ട് ഞാന്‍ ബസ്സില്‍ കേറി.
അന്നു രാത്രി ഒടുക്കത്തെ മഴയായിരുന്നു.
കുറച്ച് നാള്‍ കഴിഞ്ഞ് അവളെന്നെ കല്യാണം വിളിക്കുകയും ഞാന്‍ തികച്ചും സാഹസീകമായി യാത്രചെയ്ത് ആ കല്യാണം കൂടുകയും ചെയ്തു. അവള്‍ടേം ചെക്കന്റേം ഒപ്പം നിന്നു ഒരു ഫോട്ടോയ്ക് പോസ് ചെയ്തിട്ട് പോന്നതിനു ശേഷം അവളെ കണ്ടിട്ടേയില്ല. അന്നെന്തായാലും മഴയില്ലായിരുന്നു.
ഇതിലും അക്രമതോന്ന്യാസങ്ങള്‍ മഴ ചെയ്തിട്ടുണ്ട്. പെട്ടെന്ന് ഓര്‍മ്മയില്‍ വന്നത് പറഞ്ഞെന്നു മാത്രം. എന്തിന്‌ മെസ്സിലേക്ക് പോകണ സമയത്തല്ലേ ഇന്നും ഇവിടെ മഴപെയ്തത്.

ഇത്രമാത്രം അനവസരാഗമാനുരാഗിയായ മഴയെ തോന്ന്യാസി എന്നല്ലാതെ എന്ത് വിളിക്കണം?





11 comments:

  1. പതിയേ ചാറി തുടങ്ങി ഇടയ്ക്കൊന്ന് വല്ലാതെ ആര്‍ത്ത് പെയ്തൊരു മഴയെഴുത്ത്..നന്നായെഴുതി..
    ചില മഴകള്‍ പെയ്തൊഴിഞ്ഞെത്ര കാലം കഴിഞ്ഞാലും അതിന്റെ നനവ് മായാതെ,ഉണങ്ങാതെ കിടക്കുമല്ലേ..

    ReplyDelete
  2. മലയാളിയുടെ ശാരീരികവും മാനസികവുമായ പരിണാമ ഘട്ടങ്ങളിലെല്ലാം മഴയും അതുനല്‍കുന്ന സവിശേഷമായ അനുഭവങ്ങളും പ്രധാന പങ്കു വഹിക്കുന്നു.ഈ അവസ്ഥയിലൂടെ കടന്നു പോവാതെ ശരാശരി മലയാളിയുടെ വ്യക്തിബോധം പൂര്‍ണമായി രൂപപ്പെടുകയില്ല എന്നു പറയാന്‍ പറ്റും.ഷിനോദ് ഇവിടെ പറഞ്ഞിരിക്കുന്നത് കാലവര്‍ഷത്തിന്റെയും തുലാവര്‍ഷത്തിന്റെയും സ്വന്തം നാട്ടുകാര്‍ ഓരോരുത്തരുടെയും വൈയക്തികാനുഭവം തന്നെ.

    നന്നായി എഴുതി. അഭിനന്ദനങ്ങള്‍

    ReplyDelete
  3. ഇത്രമാത്രം അനവസരാഗമാനുരാഗിയായ മഴയെ തോന്ന്യാസി എന്നല്ലാതെ എന്ത് വിളിക്കണം.


    .നന്നായെഴുതി..

    ReplyDelete
  4. മഴ നനയിച്ച പോസ്റ്റ്‌.

    ReplyDelete
  5. കൊള്ളാം ഈ മഴയെഴുത്ത്...നല്ല രസികന്‍ അവതരണം...

    ReplyDelete
  6. കിടിലന്‍ മഴ..സ്നേഹമായും സന്തോഷമായും വിഷമം ആയും വിരഹം ആയും..ഒരു കുസൃതി ആയും മഴ അങ്ങനെ പെയ്യും...നല്ല പോസ്റ്റ്‌

    ReplyDelete
  7. onnonnara mazha......... thonnyaassi mazha...........

    ReplyDelete