Sunday, April 3, 2011

ഗോതുരുത്തില്‍ മഴപെയ്യുമ്പോള്‍

കണ്ടിട്ടുള്ളത്തിലേറ്റവും ഗൃഹാതുരനായ മനുഷ്യന്‍ അവനാണ്‌.
ഒരുപക്ഷേ കാമുകിക്കുപോലും നാടിനു തൊട്ട് പിന്നിലെ സ്ഥാനം കൊടുത്ത ഒരാള്‍.
രണ്ടാം സ്ഥാനം മടുപ്പിക്കുന്നതാണോ എന്നറിയാത്തതുപോലെ, മടുത്തിട്ട് പ്രണയിനി അവനെ ഇട്ടിട്ട് പോയോ
എന്നും എനിക്കറിയില്ല. അറിയാവുന്നത് അവന്റെ നാട്ടില്‍ മഴപെയ്യുന്നു എന്നാണ്‌.
"നീ അടുത്തുള്ളപ്പോള്‍ പെയ്യുന്നത് മാത്രമാണ്‌ മഴ" എന്നത് അവന്റേത് കൂടിയാണ്‌.
പക്ഷേ നാട്ടിലുള്ളപ്പോള്‍ പെയ്യുന്നത് മാത്രമാണ്‌ മഴ എന്നത് അവന്റേത് മാത്രമാണ്‌.
മഴ ഇങ്ങനെ പലവിധത്തില്‍ മനുഷ്യനെ മക്കാറാക്കുന്ന ഒരിടപാടാണ്‌.

മണ്ണറിയുന്നവന്‌ അത് മാനത്തിന്റെ അനുഗ്രഹമാണ്‌. കടലറിയുന്നവന്‌ അത് അനുഗ്രഹവും നിഗ്രഹവുമാണ്‌.
പ്രണയികള്‍ക്ക് ഒറ്റകുടക്കീഴിലെ ചലച്ചിത്രമാണ്‌. സിനിമകളില്‍ പ്രണയത്തിനും പീഡനത്തിനും അത് പശ്ചാത്തലമാണ്‌. കുടക്കമ്പനികള്‍ക്കും ആശുപത്രികള്‍ക്കും ചാകരയാണ്‌.
ചാപ്ലിന്‌ അത് കണ്ണീരൊളിപ്പിക്കാനുള്ള ഇടമാണ്‌.
അവനൊരു ചാപ്ലിനാണോ എന്നെനിക്ക് സംശയമുണ്ട്.

മഴ നിറഞ്ഞ രാത്രിക്ക് മനസ്സുകൊടുത്ത് തനിച്ചിരിക്കുന്ന നിന്നെ എനിക്ക് കാണാം.
നാവ് മാത്രമുള്ള മഴയ്ക്ക് കാത് മാത്രമുള്ള നീ നല്ല ചേര്‍ച്ച തന്നെ.
വിപണിമൂല്യമനുസരിച്ച് ചിരിക്ക് തെളിച്ചവും വഴുക്കലുമേറുന്നുണ്ട്.
നീ കണ്ണുമിഴിക്കുന്നത് ഞാന്‍ കാണുന്നുണ്ട്.
എന്റെ കൂട്ടുകാരാ വില്‍ക്കാനകാത്തവയുടെ മാത്രം കാവല്‍കാരനാണ്‌ നീ.
അതുകൊണ്ട് തന്നെ നീ തനിച്ചാണ്‌.

2 comments:

  1. ഘോരഘോരമായ വിമര്‍ശനപ്പീരങ്കിയുണ്ടകള്‍
    എഴുത്തിനെ മാറ്റി എഴുതിയവന്റെ നേര്‍ക്ക് വരുത്തിച്ച
    ഒരു കുഞ്ഞു കുറിപ്പ്.
    "വാക്കിനോളം തൂക്കമില്ലീ യൂക്കന്‍ ഭൂമിക്ക് പോലുമേ"-കുഞ്ഞുണ്ണി മാഷ്

    ReplyDelete
  2. നാവ് മാത്രമുള്ള മഴയ്ക്ക് കാത് മാത്രമുള്ളവന്റെ കൂട്ട് നന്നായി...വിൽക്കാനാവാത്തവയുടെ കാവൽക്കാരൻ എന്നും തനിച്ചായിരിക്കും

    ReplyDelete