Thursday, November 25, 2010

തോല്‍‌വ്വീസാരം

ഓട്ടം മുതല്‍ പാട്ട് വരെയുള്ള ഒത്തിരി മത്സരങ്ങളില്‍ പങ്കെടുത്ത് തോറ്റിട്ടുണ്ട്. അതൊന്നും സ്വന്തം ഇനമല്ലെന്ന ബോധ്യം ഉണ്ടായിരുന്നതിനാല്‍ ജയിച്ചവരെ നോക്കി ചിരിച്ചിട്ട് തിരിഞു നടന്നു. ഓര്‍ത്തുവയ്ക്കത്തക്ക ആദ്യ തോല്‍വി സംഭവിച്ചത് കണക്കിലാണ്‌ -ബിരുദം ഒന്നാം വര്‍ഷം. ജീവിതത്തില്‍ ആദ്യമായി ഒരു പാഠ്യവിഷയത്തില്‍ തോല്‍ക്കുന്നു. അതും ഉന്നതനിലയില്‍. സങ്കടം.

ഒരുകാലത്ത്, ഒപ്പമുള്ളവര്‍ പലരും ചില വിഷയങ്ങളില്‍, ഒന്നോ രണ്ടോ മാര്‍ക്കിനൊക്കെ തോറ്റപ്പോള്‍ ഒരാള്‍ക്ക് എങ്ങനെ തോല്‍ക്കാനാകും എന്നത്ഭുതപ്പെട്ടിരുന്നു. ഇപ്പോള്‍ ഇഷ്ടങ്ങളില്‍ ഒന്നായിരുന്ന കണക്കിന്‌ തന്നെ 'സംപൂജ്യനായപ്പോള്‍' തോല്‍‌വിയുടെ രസം തിരിച്ചറിഞ്ഞു. സങ്കടത്തിന് അധികം ആയുസ്സോ ആക്കമോ ഉണ്ടാകാതെ നോക്കിയത് കൂട്ടുകാരാണ്‌. ഒപ്പം തോല്‍ക്കാന്‍ ക്ലാസ്സിലെ 5 പേരൊഴികെ ബാക്കി 11 പേരും ഉണ്ടായിരുന്നു. (ഞാനുള്‍പ്പെടെ സം‌പൂജ്യരായ പലരുടേം മാര്‍ക്ക് പുറത്ത് പറയാത്തത് മധുവിധു ആഘോഷിക്കുന്നതും കല്യാണം ആലോചിക്കുന്നുതുമായ അവരുടെ ജീവിതത്തിന്റെ ഈ നാളിനെ നല്ല നീട്ടിയെടുക്കാന്‍ വേണ്ടിയാകുന്നു). പിന്നെ ഒപ്പം ജയിക്കാനും എല്ലാവരും ഉണ്ടായപ്പോള്‍ എല്ലാവരും ജയിക്കുന്ന (100% എന്ന് കണക്കില്‍ പറയാം) ആദ്യ  B.Sc Physics ബാച്ച് കോളേജില്‍ ഞങ്ങളുടേതായി. ശ്രീ ശങ്കര വിദ്യാപീഠം കോളേജ്, ഐരാപുരം, 2002-2005. ഞങ്ങള്‍ എല്ലാവരും പരീക്ഷക്കിരിക്കാനും അത് ജയിക്കാനും കാരണഭൂതന്‍ ഒരാള്‍ മാത്രം-ഞങ്ങളുടെ മാത്രം ബാബു മാഷ്. ഒപ്പം രാഘവന്‍ മാഷും ഇന്ദിര ടീച്ചറും വര്‍ഗ്ഗീസ് സാറും.

പിന്നീട് പ്രണയിച്ച് പോലും തോറ്റിട്ടില്ല.

കഴിഞ്ഞ വര്‍ഷം വോളിബോള്‍ സെമി. ഞാന്‍ കളിക്കാതിരുന്നിട്ടും ആന്ന് തോറ്റു. ഫുട്ബോള്‍-ക്വാര്‍ട്ടര്‍ ഫൈനല്‍. മുഴുവന്‍ സമയത്തിന്‌ ശേഷം പെനാല്‍റ്റി. അജിത്തിന്റെ സേവ്. ആഹ്ലാദം. ആശ്വാസം. ഒടുക്കം, പുറത്തേക്ക് പോയ അവസാനത്തെ കിക്ക്. സമനില. തൊണ്ട അനങ്ങാതിരിന്നു ഇത്തിരി നേരം. ഒടുക്കം കറക്കിയെറിഞ്ഞ നാണയം വിധിപറഞ്ഞപ്പോള്‍ നമ്മള്‍ വീണ്ടും പുറത്ത്.
ഹിറ്റ്ലര്‍ തോറ്റു , മുസ്സോളിനി തോറ്റു. അറുപത്തെട്ടില്‍ ഇന്ദിര തോറ്റു. ഞമ്മക്കെന്താ തോറ്റൂടേ. അങ്ങനാരോ ഉറക്കെ വിളിച്ചു. അവന്‌ നമസ്തേ. ജയിച്ചവര്‍ നോക്കി നില്‍ക്കെ തോറ്റവരുടെ ആഘോഷം. കാണിയായും കളിക്കാരനായും രണ്ട് തോല്‍‌വിയിലും തനിച്ചല്ലായിരുന്നു. ആകയാല്‍ സങ്കടം വഴിമാറി നിന്നു.

ഈ വര്‍ഷം (2010,October) നാരീസ് കപ്പ്. ക്രിക്കറ്റ്. ഓപ്പണര്‍ ആയി ഞാനിറങ്ങിയിട്ടും ജയിച്ചു ഒരു കളി (ജാബിര്‍-ആ നാമം വാഴ്ത്തപ്പെടട്ടെ). പിന്നത്തെ കളി- അലങ്കാരം അര്‍ത്ഥാപത്തി.
പിന്നാരേം കണ്ടില്ല.
തോറ്റപ്പോഴും ജയിച്ചപ്പോഴും തോന്നാത്ത വിഷമം, എന്നു പറഞ്ഞാല്‍ നുണയാകും, ഒരു നേര് തിരിച്ചറിഞ്ഞു. തോറ്റവന്‍ എന്നും ഒറ്റക്കാണ്‌. ഇങ്ങനെ എഴുതിയും പറഞ്ഞും നീട്ടാം. പക്ഷേ ജയിച്ചവര്‍ക്ക് മാത്രം സ്ഥാനമുള്ള ലോകത്ത് തോറ്റവരെ കൂടി ഓര്‍ക്കാന്‍ ഇത്തിരിയൊക്കെ മനസ്സ്, ഊര്‍ജ്ജം ഇതൊക്കെ എവിടേലും ബാക്കിയാകും എന്ന പ്രതീക്ഷയില്‍, തുടരട്ടെ.
ശേഷിക്കുന്ന തോല്‍‌വികള്‍ പിന്നീടാകട്ടെ.

4 comments:

  1. വിഷയം തത്വചിന്തയായതു കൊണ്ടു
    പറയട്ടെ ഈ ജയത്തിനു എന്തു
    ആധികാരികത. ജയിച്ച ആളിനെകാള്‍
    കേമനില്ലാത്തതിനാലല്ലേ അയാള്‍ക്കു
    ജയിക്കാനായത്.ഉണ്ടായിരുന്നെങ്കിലോ
    അയാളല്ലേ ജയിക്കത്തുള്ളു.അതായത്
    ജയത്തിന്റെ മൂല്യം യഥാര്‍ത്ഥത്തില്‍
    വെറും നോഷണലാണ്.ഒരു ജേതാവി
    നെ തോല്പിക്കാന്‍ ശേഷിയും ശേമുഷിയും
    ഉള്ള അനേകര്‍ വേറേയുണ്ട്.

    ReplyDelete
  2. ഹ ഹ ഹ, തോല്‍വികളുടെ ആകെത്തുകയാണ് ജീവിതം.
    മരണത്തിന്റെ മുമ്പിലുള്ള അവസാന കീഴടങ്ങല്‍ വരെ!

    എഴുത്ത് ആസ്വാദ്യം!

    ReplyDelete
  3. പിന്നെ തോറ്റോ..??

    ReplyDelete
  4. പിന്നെ തോറ്റില്ലാട്ടോ.
    മത്സരിച്ചില്ലെന്ന്...

    മൂന്നുപേരുടേം നല്ല വാക്കുകള്‍ക്ക്
    ഒത്തിരി സന്തോഷം.

    ReplyDelete